ഇനി ഒരു കഥ എഴുതണം
കഴിഞ്ഞ കുറച്ചു ദിവസമായി നീണ്ട ആലോചനയിലായിരുന്നു,
എഴുതണം.
മറ്റൊന്നുമല്ല ,കുറഞ്ഞ പക്ഷം ഒരു കഥ എങ്കിലും എഴുതിയില്ലങ്കിൽ ഒരു ഗുമ്മില്ല എന്നതാണ് നിലവിലെ സ്ഥിതി.
നിലനിൽക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി ഒരു രക്ഷയുമില്ല .
കാര്യം പറഞ്ഞാൻ വലിയ തരക്കേട് ഇല്ലാത്ത ജോലിയുണ്ട്, കുടുംബമുണ്ട്. പക്ഷെ നിലവിലെ എന്റെ പ്രശ്‌നങ്ങളുടെ കാരണക്കാരൻ സക്കർ ബർഗാണ്. മുപ്പര് ജീവിക്കാൻ വേണ്ടി ചെയ്തു കൂട്ടിയ കാര്യങ്ങൾ എന്റെ ജീവിതം ഇല്ലാതാക്കി എന്നു വേണം എന്നു പറയാൻ.
പണ്ട് എപ്പോഴോ ഞാൻ എടുത്ത നാട്ടിൻ പുറത്തെ ലൈബ്രറി മെമ്പർഷിപ്പ് കാർഡ് മേശ വലിപ്പിൽ കിടക്കാൻതുടങ്ങിയിട്ട് കാലങ്ങളായി. ഇതുവരെ ഭാര്യയോ മക്കളോ അതിൽ ഒന്നും തൊട്ടു നോക്കിയിട്ടില്ല.
കൂട്ടുകാർക്ക് മുന്നിൽ ജാഡകാണിക്കാൻ വാങ്ങി കൂട്ടിയ പുസത്കങ്ങൾ അലമാരയ്ക്ക് മുകളിലും ബെഡിലും കൂടിക്കിടക്കുന്നുണ്ട്. മുറികളുടെ മാറലതൂക്കുമ്പോൾ പോലും വീട്ടിൽ ഉള്ളവരാരും അതൊന്ന് എടുത്ത് മാറ്റാറില്ല. എന്നാൽ ഈ തോണ്ടുന്ന കുന്ത്രാണ്ടം വന്നേ പിന്നെ കൂട പഠിച്ച സകലമാന ക്ഷുദ്രജീവികളും കഥ എഴുതി തുടങ്ങി.
അവൻമാർ എഴുതിയാൽ അതങ്ങ് കയ്യിൽ വച്ചാ പോരെ , അതു പറ്റില്ല നമ്മടെ അണ്ണൻ കഞ്ഞി കുടിക്കാൻ ഉണ്ടാക്കിയ കുണ്ടാമണ്ടികത്തു കൂടി അങ്ങ് തള്ളോട് തള്ളാ,
അത് കണ്ടു കഴിഞ്ഞപ്പോ വീട്ടില് ചോദ്യം തുടങ്ങി , നിങ്ങളും കുറേ പഠിച്ചതല്ലേ മനുഷ്യ ഒരു കഥ എങ്കിലും എഴുതി കൂടെ.
ഭാര്യയ്ക്ക് അത്യാവശം ബോധമുണ്ട്. അതുകൊണ്ടാവണം
കവിത വേണം എന്ന് അവൾ വാശി പിടിച്ചില്ല.
അതൊക്കെ സഹിക്കാം, അതിന്റെ കൂടെ പറഞ്ഞ ഡയലോഗ് ഉണ്ടല്ലോ അത് ശരിക്കും തളർത്തിക്കളഞ്ഞു,
കൊവിഡല്ലേ പണിയൊന്നും ഇല്ലാതെ ചുമന്ന് കിടന്ന് വായനയല്ലേ, മനുഷ്യന് ഇത്തിരി ഗുണമുള്ള കാര്യമെങ്കിലും ചെയ്യ്. മൂന്നു നേരം മൂക്കുമുട്ടെ തിന്ന് കിടന്ന് ഉറങ്ങാതെ.
മക്കളും കൂടി അതിനൊപ്പം കൂടിയതോടെ , ലോകത്തിൽ സകലതിനോടും ദേഷ്യം തോന്നി,
ഏഷ്യാനെറ്റിലെ വിനു വി ജോണിനെ പരിചയമുണ്ടായിരുന്നെങ്കിൽ സത്യത്തിൽ ഞാൻ ഫോൺ വിളിച്ചു ചോദിച്ചേനെ എന്നെ ഒരു നിരീക്ഷകൻ ആക്കാമോ എന്ന് .
എങ്ങനെയാണ് ഒരു കഥ എഴുതുക,
പഴയ എംഎ ക്‌ളാസിലെ പുസതകങ്ങൾ എടുത്ത് മറിച്ചു നോക്കി, നോട്ടുകളിലോ , ഗൂഗിളിലോ പോലും അതിനുള്ള ഉത്തരമില്ല.
കൃഷ്ണൻനായർ സാർ പോയി അല്ലങ്കിൽ മൂപ്പരെ പോയി കണ്ട ് ചോദിച്ച് മനസിലാക്കാമായിരുന്നു. പിന്നെ ആകെ ഉള്ളത് കൂത്താട്ടുകുളത്തുള്ള എം കെ ഹരികുമാറാണ്. പക്ഷെ കക്ഷി ഒരു സുകുമാർ അഴിക്കോട് ലൈനാണ്,
അതുകൊണ്ട് ആ പോക്ക് മുതലാവില്ല.
പിന്നെ എന്താണ് വഴി ,
നേരെ ഡി സി ബുക്‌സിൽ ചെന്നു, അവിടുത്തെ ബുക്ക് ഷെൽഫുകൾ മുഴുവൻ പരതി, തേങ്ങാ ചമ്മന്തി മുതൽ മനുഷ്യനെ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നുവരെയുള്ള ബുക്കുകൾ അവിടെ ലഭ്യമാണ്.
രാമായണം മുതൽ എഞ്ചുവടി വരെ എല്ലാ മറ്റൊരു വശത്തുണ്ട്, എങ്ങനെ ഒരു നല്ല കഥ എഴുതാം, അത് എങ്ങനെ വിൽക്കാം ഈ രണ്ട് കാര്യങ്ങൾ പറയുന്ന ഒരു കുറിപ്പ് പോലും അവിടെയെങ്ങും കണ്ടില്ല.
ഇനി ഈ ഇരിക്കുന്ന പുസതകങ്ങൾക്കിടയിൽ അത് ഉണ്ടങ്കിലോ.
എന്തായാലും വിൽക്കാൻ ഇരിക്കുന്ന പയ്യനോട് ചോദിച്ചു
അതേ മോനെ ഈ കഥ എങ്ങനെ എഴുതാം എന്നുള്ള ഏതെങ്കിലും ഒരു പുസതകം ഇവിടെ ഉണ്ടോ.
മുൻപിലെ കംപ്യൂട്ടറിൽ നിന്ന് മുഖം എടുക്കാതെ അവന്റെ ചോദ്യം ഡി സി ബുക്‌സ് പുറത്തിറക്കിയതാണോ.
അറിയില്ല , അങ്ങനെ ഒന്ന് മാർക്കറ്റിൽ ലഭ്യമാണോ.
അതാ വരുന്ന് അടുത്ത ചോദ്യം
സാർ ചോദിച്ച ബുക്ക് കഥയാണോ അതോ കവിതയാണോ
കണ്ണു തള്ളിപ്പോയി , ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്ന് തിരികെ പോന്നു.
അവിടെ നിന്ന് ബൈക്ക് മുന്നോട്ട് എടുത്തപ്പോഴാണ് മലയാള മനോരയുടെ ഓഫീസ് കണ്ടത്.
നേരെ അവിടെ കയറി,
ഭാഷാപോഷിണിയിൽ ആരെങ്കിലും കാണുമോ
നല്ല ചിരിയോടെ സ്വീകരിച്ച പെൺകുട്ടിയോടു ചോദിച്ചു
എന്തായിരുന്നു സാർ, കൊവിഡ് ആയതിനാൽ ഗസ്റ്റിനെ ഉള്ളിലേക്ക് വിടുന്നില്ല,
ഒന്നുമില്ല , ഒരു കാര്യത്തിന്റെ സംശയം ചോദിക്കാനായിരുന്നു
സാർ അതിനിപ്പോൾ അനുവാദിമില്ല , ഞാൻ എഡിറ്ററുടെ നംമ്പർ തരാം സാർ പിന്നെ വിളിച്ചോളൂ.
മനസിലെ ചോദ്യത്തിന് ഉത്തരമായില്ലങ്കിലും , ആ ചിരിയിൽ ഞാൻ കീഴടങ്ങി കുട്ടി തന്നെ നമ്പരുമായി മടങ്ങി.
പോകുന്ന വഴിയിൽ 200 പേജിന്റെ ബുക്കി മൂന്നു കളർ പേനയും വാങ്ങി..
എഴുതുമ്പോൾ ഒരു ഭംഗിവേണ്ടെ കറുപ്പും, പച്ചയും പുവപ്പും വാങ്ങി,
നീല മക്കൾ ഉപയോഗിക്കുന്ന കളറാണ്, അതുകൊണ്ട് എഴുതിയാൽ കഥ വന്നില്ലങ്കിലോ എന്നു കരുതിയാണ് അത് ഉപേക്ഷിച്ചത്.
വന്നപാടെ നേരെ മുറിയിൽ കയറി
കഥകൂട്ട് കണ്ടു പിടിച്ചിട്ടില്ലാത്തതിനാൽ ആദ്യം മുതൽ ഒരു വല്ലാത്ത പിരിമുറക്കമുണ്ടായിരുന്നു. ഇതായിരിക്കും ഈ സൃഷ്ടിയുടെ വേദന .
തിരിച്ചു മറിച്ചു എഴുതി നോക്കിയിട്ട് ഒരു കഥ വരുന്നില്ല. സമയം പോവുകയാണ് ഞായറാഴ്ച്ച സുഹൃത്തുക്കളുടെ അടുത്ത കഥ ഗ്രൂപ്പിൽ വരുന്നതിന് മുൻപ് എനിക്ക് എന്റെ കഥ ഇട്ടേ മതിയാകൂ.
എന്നാൽ പിന്നെ കഥയുടെ ഒരു സൂത്രവാക്യം കണ്ടത്തിയിട്ട് അതിൽ നിന്ന് തുടങ്ങാം എന്നു തീരുമാനിച്ചു.
എഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ചാക്കോ സാർ ( സ്ഫടികത്തിലെ ചാക്കോ സാറല്ല) ചെവിയിലെ തൊലി നുള്ളിയെടുത്ത് പറഞ്ഞിട്ടുണ്ട്. സൂത്രവാക്യം പഠിക്കാതെ കാര്യം നടക്കില്ല.
അതുകൊണ്ടു തന്നെ ആദ്യ പേജിൽ ഞാൻ കഥയുടെ സൂത്രവാക്യം എഴുതി.
ഒരു പേര് + കഥാപാത്രങ്ങൾ + അവർ തമ്മിലുള്ള വർത്തമാനം
ഇതാണ് കഥ.... കഥയുടെ സൂത്രവാക്യം , കിട്ടിപ്പോയി ,,,, എന്തൊരു ആശ്വാസം
അപ്പോ ഇനി കഥ എഴുതി തുടങ്ങാ, ഒരു ചെറിയ പ്രശ്‌നമുണ്ട് അവർ തമ്മിൽ എന്തു വർത്തമാനം പറയും,
വർത്തമാനം തുടങ്ങാൻ തീരുമാനിച്ചപ്പോൾ ദാ വരുന്നു അടുത്തത്.
എന്ത് പറയും എന്നത് ഭരണഘടനപരമായ പ്രശ്‌നമാണ്. പറയുന്നതും കേൾക്കുന്നതും സെൻസർ ചെയ്തു തുടങ്ങിയിരികകുകയാണ്. പറയാതിരിക്കാൻ മാസകുകൾ നൽകി കഴിഞ്ഞു.
മാസ്‌ക് മാറ്റിയാൽ മരിച്ചു പോകും എന്നു പറയുന്നതിനാൽ .
സംസാരമില്ലാത്ത ഭൂലോകമാണ്. കഥയേക്കാൾ വലുതാണല്ലോ ജീവൻ,
അപ്പോ എന്റെ കഥാപാത്രങ്ങൾ സംസാരിക്കാൻ ഒരു വഴിയുമില്ല
എനിക്ക് തോന്നുന്ന കാര്യങ്ങൾ കഥാപാത്രങ്ങൾ പറയുന്നതാണ് എന്നു പറഞ്ഞാൽ സുക്കൻ അണ്ണൻ പോലും സമ്മതിക്കില്ല. അണ്ണന്റെ ഭരണഘടനയ്ക്ക് എതിരാണ് എന്നു പറഞ്ഞ് ബ്‌ളോക്കി കളയും.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ എന്റെ അവസ്ഥയെക്കാൾ പരിതാപകരമാണ് എന്റെ കഥാപാത്രങ്ങളുടെ അവസ്ഥ . അവർക്ക് സംസാരിക്കാൻ പോലും സാധിക്കുന്നില്ല.
അവർ സംസാരിക്കാതെ എനിക്ക് കഥ എഴുതാനും പറ്റില്ല. അതിനിടെ ചിലർ കഥാപാത്രങ്ങളുടെ പൗരത്വ പ്രശ്‌നവും ഉയത്തിക്കഴിഞ്ഞു. അവർ ഇന്ത്യയിൽ ജനിച്ചവരാണ് എന്നതിന് തെളിവ് വേണം എന്ന്.
എന്റെ മനസിൽ ജനിച്ചു എന്നു പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥൻ ചോദിക്കുകയാണ് മനസിന് ആധാർ കാർഡ് ഉണ്ടോ .
സത്യത്തിൽ ഞാൻ എന്തൊരു വിഡ്ഢിയാണ് എന്ന് സ്വയം ചോദിച്ചു പോയി വീടിന് തൊട്ടടുത്ത് ഉണ്ടായിരുന്ന അക്ഷയ സെന്ററിൽ നിന്ന് മനസിന്റെ ആധാർ കാർഡ് എടുക്കാതെ കഥ എഴുതാൻ ഇറങ്ങി തിരിച്ച വിഡ്ഢി .
ആ ഒാഫീസറോട് യാത്രപറഞ്ഞ് ഞാൻ അക്ഷയ സെന്ററിലേക്ക് നടന്നു, ആധാർ കാർഡ് എടുക്കാൻ
തിരികെ വന്നാലുടൻ ഞാൻ കഥ എഴുതും ,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ