രാധയുടെ കൂട്ടുകാരി
ലോക ക്ലാസിക്കുകളിൽ ഏറ്റവും പരമപ്രധാനമായത് ഏതെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒരു
പക്ഷേ ഒന്ന് ഇനിയും എഴുതപ്പെടാത്ത പ്രണയങ്ങള്‍ എന്നാവും, അല്ലെ, എന്തുകൊണ്ടാണ്
എന്നറിയില്ല വിവിധഭാവങ്ങളിൽ ആണെങ്കിലും ഒരേ പേരിലാണ് അവളെ ചരിത്രത്തിൽ
രേപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരെ തിരികെ എത്തി തന്റെ അസ്ഥിത്വം
വെളിപ്പെടുത്താനുള്ള നിയോഗം അവളിൽ മാത്രം ചുമത്തപ്പെട്ടിരിക്കുന്നത്. ഒരു മുഖാമുഖം
നടത്തണം എന്ന് ആവശ്യപ്പെടുമ്പോൾ അവർ അതിന് തയാറാകുമോ എന്ന് എനിക്ക് മാത്രമല്ല
മറ്റുള്ളവര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല. നിലവിലെ സമൂഹത്തെക്കുറിച്ച് തിരിച്ചറിവ്
അവർക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് തന്റെ പ്രിയപ്പെട്ടവന്റെ ചാരേ നിൽക്കാതെ
എന്നും മാറി നിന്നിട്ടുള്ളത്. അതിനാൽ അവരെ കണ്ടത്തുക എന്നതുപോലും പ്രഹേളികപോലെ
ഒന്നായിരുന്നു. ഏറെ നാളത്തെ അലച്ചിലിനുശേഷമാണ് ഒരു കാർയാത്രയിൽ അവിചാരിതമായി
കാണുന്നത്. അവിടെ കാറിൽ നിന്ന് ഇറങ്ങി ഞാൻ പരിചയപ്പെടുവാൻ ശ്രമിച്ചു. പക്ഷെ
താൽപര്യം ഇല്ലന്ന മട്ടിൽ അവർ ഒഴിഞ്ഞു മാറിയായിരുന്നു. പക്ഷെ ദൂരത്തേക്കു പോവാതെ അവർ
അവിടെ തന്നെ ഇരുന്നു. ഒന്നും ഉരിയാടാതെ ഞാനും മാറി നിന്നു. എന്തിനാണ് നിങ്ങൾ
എനിക്ക് പിന്നാലെ നടക്കുന്നത്, സ്വന്തമായി വീടോ ആശ്രയമോ ഇല്ലാത്ത ഭാവത്തിലാണ് ഞാൻ,
എന്നിട്ടും, ഞാൻ ഒരു മറുപടിയും നൽകിയില്ല. വീണ്ടും ഞങ്ങൾക്കിടയിൽ നിശബ്ദതയായി.
സൂര്യൻ താൻ പടിഞ്ഞാറേക്ക് പോവാൻ തയാറെടുക്കകയാണന്ന് പറഞ്ഞു. പതിയെ ഗുൽമോഹറിന്റെ
ചാരത്തേക്ക് ഞാൻ മാറി. എന്തെങ്കിലും ലഭിക്കാതെ അവിടെ നിന്ന് മടങ്ങില്ല എന്ന് ഞാൻ
ഉറപ്പിച്ചിരുന്നു. അത് പറയാൻ ധൈര്യമില്ലാതിരുന്നതിനാൽ അവർ മടങ്ങും വരെ അവിടെ കാത്തു
നിൽക്കാൻ തന്നെ ആയിരുന്നു എന്റെ തീരുമാനവും. കുറച്ചു സമയം കഴിഞ്ഞ് അവർ എന്റെ
അടുത്തേക്ക് എത്തി, കയ്യിൽ കരുതിയിരുന്ന കൂജയിലെ തൈലത്തിന്റെ സുഗന്ധമാണോ
എന്നറിയില്ല, ഗുൽമോഹറിനെ പോലും തളർത്തിക്കളയുന്ന ഒരു സൗരഭ്യം ആ സമയം അവിടെ നിറഞ്ഞു.
ചെറിയ പുഞ്ചിരിയോടെ അവർ ചോദിച്ചു. എന്താണ് അറിയേണ്ടത്.... സത്യത്തിൽ ആ ഒരു
ചോദ്യത്തിന് ഉത്തരം ഞാൻ കരുതിയിരുന്നില്ല, എങ്കിലും തളരാൻ പാടില്ല, അങ്ങനെ ഒരു
പ്രത്യേകമായ അറിവ് തേടിയല്ല എത്തിയത് കുറച്ചു സമയം സംസാരിക്കുക, നിങ്ങൾ സംസാരിച്ച
കാര്യം നിങ്ങളുടെ കൂടി അനുമതിയോടെ കുറച്ചു പേരോട് പങ്കുവയ്ക്കുക. അതിലൂടെ നിനക്ക്
അൽപ്പം നേട്ടമുണ്ടാക്കുക, ചെറിയ ചിന്നിച്ച ചിരിയോടെ മറിയം ഒരു പൂച്ചക്കുട്ടിയുടെ
ശബ്ദ്ദത്തിൽ മറുചോദ്യമെറിഞ്ഞു. ഒരു ഊറിയ ചിരിമാത്രമായിരുന്നു എന്റെ മറുപടി. അടുത്ത
ചോദ്യവും അവരിൽ നിന്നു തന്നെയായിരുന്നു. നിനക്ക് അയന്റെ ഭാര്യ രാധയെ അറിയാമോ. ഒരു
മറുപടിയും പറയാനില്ലാതെ നിന്ന എന്നോട് അവർ വീണ്ടും ചോദിച്ചു, അയന്റെ ഭാര്യയെ
അറിയാതെ എത്തിയ നിനക്ക് എന്നെ എങ്ങനെ മനസിലാക്കാൻ സാധിക്കും. അത് നിനക്ക്
അറിയില്ലെങ്കിൽ ഞാൻ പറയാം ആദ്യം നീ അത് അറിയണം എങ്കിൽ മാത്രമേ ഞാൻ എന്നെ കുറിച്ച്
പറയുമ്പോൾ നിനക്ക് കുറച്ചെങ്കിലും മനസിലാക്കാൻ കഴിയുകയുള്ളു. നിങ്ങൾക്ക് പരിചിതനായ
കൃഷ്ണന്റെ ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായിരുന്നു അയൻ ജനിച്ചത്.
പിതാവിനെപ്പോലെ അയനും ഒരു ഗോപാലനായാണ് വളർന്നത്. ജനിച്ചതു
പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയൻ എന്ന് പറയാം. അവന്റെ
രീതികൾ ഒന്നും പുരുഷ സഹജമായിരുന്നില്ല. സ്ത്രീയിൽ നിന്ന് ലൗകികസുഖങ്ങളിലൊന്നും
താല്പര്യമില്ലാതിരുന്നു. ആണത്തം കുറഞ്ഞവനെ ആണാക്കാൻ നൽകുന്ന ശരാശരി ചികിത്സയായ
പെണ്ണുകെട്ടിക്കൽ അയന്റെ കാര്യത്തിലും നടന്നു. അയന്റെ പിതാവിന്റെ അനന്തിരവളായ
യശോദയുടെ ഭർത്താവ് നന്ദഗോപരായിരുന്നു ആ ദേശത്തിന്റെ രാജാവ്. അദ്ദേഹമാണ് ബന്ധുവിന്റെ
മാനക്കേട് മാറ്റാനായി അയന്റേയും രാധയുടെയും വിവാഹം നടത്തിക്കൊടുത്തത്. ഇപ്പോൾ
നിനക്ക് മനസിലായിക്കാണും അയന്റെ രാധയെ. പതിനാലാം നൂറ്റാണ്ടിൽ വിദ്യാപതി രചിച്ച
'പദാവലി' കാവ്യത്തിൽ അയനും രാധയും ഉണ്ട്. സമയവും സാഹചര്യവും ഒക്കുമ്പോൾ നീ
വായിക്കണം . അന്വശ്വര പ്രണയനായിക രാധ, അയൻ എന്ന വിളിപ്പേരുള്ള ഗോപാലയുവാവിന്റെ
പത്നികൂടിയായിരുന്നു എന്ന് നീ അറിയണം. ആദ്യം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ സൗരഭ്യം
കുറച്ചുകൂടി എന്നെ അലിയിച്ച് എടുക്കാൻ തുടങ്ങി.... അപ്പോൾ നിങ്ങൾ രാധയായിരുന്നോ,
ഞാൻ രാധമാത്രമായിരുന്നില്ല എന്നതാണ് സത്യം. അത് പറയാൻ എനിക്ക് മടിയില്ല. കാരണം നീ
എന്നെക്കുറിച്ച് വായിച്ചിട്ടുള്ള ഡയറികുറിപ്പുകളിൽ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല
ഞങ്ങൾ നാലുപേർ ഉണ്ടായിരുന്നു. അമ്മയായ മറിയം, ബേഥാന്യയിലെ ലാസറിന്റെ സഹോദരി മറിയം,
ക്ലെയൊപ്പാവിന്റെ ഭാര്യ മറിയം, പിന്നെ 14 പ്രാവശ്യത്തോളം
പരാമർശിക്കപ്പെട്ടിരിക്കുന്ന ഈ മറിയം. പക്ഷെ എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല,
എഴുതിവച്ചവർ എനിക്ക് മാത്രം ഒരു നാടിന്റെ പേരു കൂടി ചേർത്ത് ആ കുറിപ്പുകളിൽ
രേഖപ്പെടുത്തിയിട്ടുണ്ട്. ഞാൻ സഞ്ചരിക്കുകയും പോരാടുകയും ചെയ്തിരുന്ന കാലങ്ങളിൽ
ഒരിക്കലും എനിക്ക് അത്തരത്തിൽ ഒരു സ്ഥലനാമ വിശേഷണം അലങ്കാരമായി ഉണ്ടായിരുന്നില്ല.
അതുമാത്രമല്ല, അക്കാലത്ത് ലിപിയും ഉണ്ടായിരുന്നില്ല. പിന്നെ ആരാണ് ഇങ്ങനെ ചമച്ചത്
എന്ന് ഒരു തിട്ടവും ഇല്ല. അതുമാത്രമല്ല ... പ്രധാനപ്പെട്ട പുസ്തകത്തിൽ പോലും
തെളിവുകള്‍ ഇല്ലാതെയാണ് ഇക്കാര്യങ്ങൾ അത്രയും പറയുന്നത്. കേട്ടറിവുകളാണ് ആധാരം,
അതുശരിയല്ല അനുഭവിപ്പിച്ച് അറിയിച്ചവന്റെ സഹയാത്രികയെക്കുറിച്ച് കേട്ടറിവുകളിലൂടെ
പറയുന്നത് ശരിയാണോ? ആ ചോദ്യം വീണ്ടും എന്റെ കർണ്ണപുടങ്ങളിൽ
ആവർത്തിച്ചുകൊണ്ടേയിരുന്നു. ചിലരാകട്ടെ എന്നെ, ബേഥാന്യയിലെ ലാസറിന്റെ സഹോദരി
മറിയമാണ് എന്നും മഗ്ദലന എന്ന സ്ഥലത്തേക്കു വിവാഹം ചെയ്ത് അയച്ചതിനാൽ പിന്നീട്
മഗ്ദലനക്കാരത്തിയായി എന്നും പറഞ്ഞു. ഈ ആശയവും തെളിയിക്കുവാൻ കഴിയുന്നതല്ല. ഇനി അവർ
പറയുന്ന ഈ മഗ്ദലനക്കാരത്തി മറിയത്തിന് അപഹാസ്യമായ ഒരു പൂർവ്വകാലം ഉണ്ടായിരുന്നതായി
എങ്ങും പ്രതിപാദിച്ചിട്ടില്ല. യഹൂദ തൽമൂദിൽ മഗ്ദലന എന്ന സ്ഥലം ദുർന്നടപ്പ് നിമിത്തം
നശിപ്പിക്കപ്പെട്ടു എന്നൊരു പരാമർശം ഉള്ളതിനാലാണ് ആ നാടിന്റെ കൂടെ
ചേർക്കപ്പെട്ടവളും വ്യഭിചാരിണിയായി മാറ്റുവാനുള്ള കാരണം. സത്യത്തിൽ അത് സത്യ
വിരുദ്ധമല്ലേ. കല്ലറിയാനുള്ള കരുത്ത് ആർക്കും ഇല്ല എന്നവൻ പറയുന്നത് അതുകൊണ്ടാണ്.
സാഹചര്യങ്ങൾക്കൊണ്ട് പുരുഷൻ പുണ്യവാനും അതേ സാധ്യതകൾകൊണ്ട് പെൺകുട്ടി പാപിയുമായി
മാറുന്നത് എങ്ങനെയാണ്. നേപ്പിൾസ് എന്ന് സ്ഥലത്ത് വേശ്യാ സ്ത്രീകളുടെ
പുനരുദ്ധാരണത്തിനായി "മഗ്ദലന ഭവനം" എന്നൊരു സ്ഥാപനം തുറന്നത് മഗ്ദലനക്കാരിയായിപ്പോയ
മറിയത്തെക്കുറിച്ച് അനാവശ്യ ഒരു ചിന്ത പ്രചരിക്കുവാൻ കാരണമായി. ഇതൊക്കെ
തിരുത്തുവാനുള്ള ഉത്തരവാദിത്വം ആരാണ് കാണിക്കേണ്ടത് ഞാനോ. "ഡാവിഞ്ചി കോഡിൽ" ഡാൻ
ബ്രൗൺ ഭാര്യയായി ചിത്രീകരിക്കുകയുണ്ടായി. ലിയൊനാഡോ ഡാവിഞ്ചി വരച്ച അന്ത്യഅത്താഴം
എന്ന ചിത്രത്തിൽ, മാറിൽ ചാരിയിരിക്കുന്ന വ്യക്തി ഞാനാണ് എന്നാണ് ഡാൻ ബ്രൗൺ
പറയുന്നത്. അത് ഒരു നോവൽ മാത്രമാണ്, ചരിത്രമല്ല എന്ന് ഡാൻ ബ്രൗൺ പറഞ്ഞതിൽ ആശ്വാസം
കൊള്ളുകയാണ് നിങ്ങൾ. അത് സത്യമാണ് എന്ന് എന്തുകൊണ്ടാണ് നിങ്ങൾക്ക് വിശ്വസിക്കാൻ
കഴിയാത്തത്. നിങ്ങൾക്ക് രാധയെ സ്വീകരിക്കാം പക്ഷെ എന്നെ സ്വീകരിക്കുന്നതിൽ
എന്തിനാണ് വൈമനസ്യം. അവൻ വന്നത് നിങ്ങളെ രക്ഷിക്കാനാണ് എന്ന് നിങ്ങൾക്ക്
വിശ്വസിക്കാം. പക്ഷെ എന്നെക്കുറിച്ച് പറയുന്നതുമാത്രം. ഈ പാവം ധൈര്യമില്ലാത്ത
അയൻമാരെയോർത്ത് സഹതപിക്കാനേ എനിക്ക് കഴിയൂ. വല്ലാണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു,
കയ്യിലിരുന്ന വെള്ളം ഞാൻ അവർക്ക് നേരെ നീട്ടി. അതിന് മുതിരാതെ തന്റെ ശരീരത്തിന്റെ
ഭാഗമായി കരുതിയിരുന്ന കൂജയിൽ നിന്ന് അവർ പാനം ചെയ്തു. അപ്പോൾ ഞാൻ ആദ്യം അനുഭവിച്ച
സൗരഭ്യം അതിൽ നിന്നായിരുന്നില്ല എന്ന് എനിക്ക് തിരിച്ചറിയാനായി. ഒന്ന് നിർത്തിയ
ശേഷം അവർ തുടർന്നു. അവർ എന്നെക്കുറിച്ച് എന്തുപറയുന്നു എന്നല്ല നീ പരിഗണിക്കേണ്ടത്.
മനുഷ്യരുടെ അഭിപ്രായങ്ങളും ഭാവനകളും എന്തുമായിക്കൊള്ളട്ടെ, നിങ്ങൾ അറിയാൻ
ശ്രമിക്കുകയും അത് കണ്ടെത്തുകയും ചെയ്യുക എന്നതാണ് പ്രധാനം. ആ കണ്ടെത്തലുകൾ
യോജിക്കുന്നതാണെങ്കിൽ ആധികാരികമായി സ്വീകരിക്കുക. അതല്ലെ ശരി. അവൾ സംഭാഷണം നിർത്തി
എന്നെ നോക്കിയപ്പോൾ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ആ
കണ്ണിൽ നിന്നാണ് സൗരഭ്യം പുറത്തേക്ക് വരുന്നതെന്ന് ആ നിമിഷം മുതല്‍ തോന്നിയിരുന്നു.
അതല്ലേ ശരി വീണ്ടും ചോദ്യം ഉയർന്നു. അതെ എന്ന് ഉത്തരം പറയാൻ രണ്ടാമത് ആലോചിക്കേണ്ട
കാര്യം ഉണ്ടായിരുന്നില്ല. എവിടെവെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയതെന്ന് ആരും
പറയുന്നില്ല, പകരം അവളിൽ നിന്ന് ഏഴുഭൂതങ്ങളെ പുറത്താക്കി അന്നുമതൽ അവൾ
അനുഗമിക്കുന്നു എന്നാണ് അവർ വ്യാഖ്യാനിക്കുന്നത്. എന്നിൽ ഉണ്ടായിരുന്നത്
ഭൂതങ്ങളായിരുന്നില്ല, ഭാവങ്ങളായിരുന്നു. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം,
ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇതിൽ ആദ്യ രണ്ടൊഴികെ ബാക്കിയെല്ലാം അവനെ
കണ്ടമാത്രയിൽ എന്നിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറി. കരുണവും അതിലേറെ ശൃംഗാരവും അതിന്റെ
മൂർത്തഭാവമായ പ്രണവും നിറഞ്ഞ് വഴിയുന്ന ഞാൻ അവനെ അനുഗമിക്കുകയല്ലാതെ മറ്റെന്ത്
ചെയ്യാനാണ്. സാധാരണ മനുഷ്യരെപ്പോലെ അതായത് നിങ്ങളെപോലെ ഇതെല്ലാം ബാധിച്ച് സ്വന്തം
ജീവിത്തിന്റെ മേൽ യാതൊരു നിയന്ത്രണവുമില്ലാതെ, എല്ലാം ഭൂതങ്ങളുടെ
ഇഷ്ടത്തിനനുസരിച്ച് നടക്കുന്ന നശിച്ച ജീവിതം! അവിടെ നിങ്ങൾക്ക് യാതൊരു വിധ സുബോധമോ
സന്തോഷമോ പ്രത്യാശയോ ഇല്ല, പകരം ആരൊക്കയോ പറയുന്നത് കേട്ട് നീ എന്ന സത്വമില്ലാതെ
നാശത്തിൽ നിന്നും നാശത്തിലേക്കുള്ള യാത്ര! അത് ഞാൻ ഉപേക്ഷിക്കുകയായിരുന്നു. എനിക്ക്
അവനോടുള്ള ശൃഗാരവും , അവനോടുള്ള കാരുണ്യവും മാത്രം മതിയായിരുന്നു. പ്രസംഗ
പര്യടനങ്ങളിൽ സഹായിയായും വസ്തുവകകൾ കൊണ്ട് ശുശ്രൂഷ ചെയ്തും ഞാൻ ഉണ്ടായിരുന്നു.
ശമര്യക്കാരിയെപ്പോലെ എൻറെ ജീവിതസാക്ഷ്യവും ഞാൻ മറ്റുള്ളവരോട് പങ്കുവച്ചുകാണും,
എന്ന് നിങ്ങള്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല. ഗലീലയിൽ മാത്രം
ഒതുങ്ങുന്നതായിരുന്നില്ല എന്റെ അനുധാവനം. കഷ്ടാനുഭവ ആഴ്ചയിൽ അവസാനം വരെ ഞാൻ
കരുണയോടെ അനുഗമിച്ചു. ഗലീലയിൽ നിന്നും യരുശലേമിലേക്കുള്ള അവന്റെ യാത്ര
മരണത്തിലേക്കുള്ള യാത്രയായിരുന്നു. ശിഷ്യന്മാരിൽ തന്നെ അനേകർ വിട്ടുപോയപ്പോൾ
എനിക്ക് അവനിലേക്ക് കൂടുതൽ അടുക്കാൻ കഴിഞ്ഞു എന്നതാണ് സത്യം. അവനോടുള്ള കടപ്പാട്
വലിയതായിരുന്നു. ഗത്സമനയിൽ വച്ച് ബന്ധിച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ എല്ലാം ഓടി
രക്ഷപെട്ടു. എന്നാൽ കുരിശിന്റെ ചുവട്ടിലും ഞാൻ വിട്ടു മാറിയില്ല. ലൂക്കൊസ് ഒഴികെ
എല്ലാവരും അത് അവരുടെ കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ ഞാൻ
ആരായിരുന്നു എന്ന് പറയാനുള്ള ധൈര്യം അവർക്ക് ഉണ്ടായിട്ടില്ല. ഒരു പക്ഷെ അതിനുതക്ക
അറിവും അവർക്ക് ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ. അവനെ കല്ലറയിൽ അടക്കിയപ്പോഴും അവിടെ
നിന്ന് മാറാൻ എന്റെ ശൃഗാരത്തിന്റെ മൂർത്തമത്ഭാവം അതിന് അനുവദിച്ചിരുന്നില്ല. ശരീരം
കാണാതെ ശങ്കിച്ചു നിൽക്കുന്ന അവരോടു ദൂതന്മാർ അവൻ ഉയിർത്തെഴുന്നേറ്റു എന്ന്
അറിയിച്ചു. അവർ അത് ശിഷ്യന്മാരെ അറിയിച്ചു. അവരും വന്നു പറഞ്ഞു. എന്നാൽ ഞാൻ തനിച്ച്
കല്ലറയുടെ വാതിൽക്കൽ കരഞ്ഞുകൊണ്ട് നിർക്കുകയായിരുന്നു. മടങ്ങിപ്പോകുവാൻ എനിക്കു
മനസ്സുവന്നില്ല. എന്നതാണ് സത്യം. നിങ്ങൾ എന്നെക്കുറിച്ച് അന്വേഷിക്കുമ്പോൾ അമ്മയുടെ
ഭാവത്തിലെ നാമത്തെ പോലും പലയിടത്തും പിന്നിലാക്കിയാണ് എഴുത്തുകാർ എന്റെ പേര് ആദ്യം
രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ പേരുകൾ പറയുമ്പോൾ ഒരാളുടെ പേര്
തുടർച്ചയായി ആദ്യമെ പരാമർശിക്കുമ്പോൾ ആ വ്യക്തിക്ക് മറ്റുള്ളവരേക്കാൾ എന്തെങ്കിലും
പ്രാധാന്യം കാണും എന്നത് സാമാന്യ യുക്തിയാണ്. അതെന്താണ് നിങ്ങൾക്ക് മനസിലാവാതെ
പോവുന്നത്. അവനെ അനുഗമിച്ചവരിൽ കല്ലറയോളും അനുഗമിക്കുവാൻ മറ്റുള്ളവരെ
ധൈര്യപ്പെടുത്തിയതും പ്രോത്സാഹിപ്പിച്ചതും ഞാനായിരുന്നു. അന്ന് ക്രൂശിനോടു ആളുകളെ
ചേർത്തു നിർത്തുക അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ല, അവനിലെ പ്രണയവും
വിശ്വാസവുമാണ് ഇതൊക്കെ ചെയ്യിച്ചത്. അതുകൊണ്ടാണ് അവൻ - എന്നെ സ്വീകരിച്ചു. എന്റെ
സ്‌നേഹത്തിന്റെ കാത്തുനിൽപ്പിന് നൽകിയ പ്രതിഫലം വലുതായിരുന്നു. ഉയിർത്തെഴുന്നേറ്റ
കർത്താവ്, ആദ്യമായി പ്രത്യക്ഷപ്പെട്ടത് എനിക്കാണ്, ഉയിർപ്പിന്റെ രഹസ്യം
മറ്റുള്ളവരോടു പറയാനും സാധിച്ചത് എനിക്ക് മാത്രമാണ്. പിന്നെ എന്തുകൊണ്ടാണ് നിന്റെ ഈ
വിരോധം. എന്റെ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ അവർ നടന്നു മറയുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ