ദൈവത്തിന്റെ പ്രീയപ്പെട്ടവന്‍

ആദ്യം തന്നെ അറിയിച്ചേക്കാം അച്ചോ ഇത് ഒരു ചോദ്യം ചെയ്യലല്ല. ബഹുമാനപ്പെട്ട വികാരിയച്ചന്‍ അങ്ങനെ ധരിക്കുകയും ചെയ്യരുത്. കുഞ്ഞു വറീത് പളളിമുറ്റത്ത് വന്നു നിന്ന് ആമുഖത്തോടെ സംസാരിച്ചപ്പോള്‍ തന്നെ ഫാ. ആന്റണി കെറ്റൂക്കാരന്റെ മനസില്‍ വെളളിടി വെട്ടി. കര്‍ത്താവേ നീയെന്നെ പരീക്ഷിക്കാന്‍ പോവുകയാണോ? അച്ചോ ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ടവന്‍ ആരാണ്? ഭാഗ്യം ഇതാണോ സംശയം? വറീതേ, അത് അവന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവന്‍, അങ്ങനെ വലിയവായില്‍ പറഞ്ഞാല്‍ ഈ കശാപ്പുകാരന് ഒന്നും മനസ്സിലാവില്ല, അച്ചോ ഒന്നു വിശദമായി പറയുക. പണ്ട് തിരിച്ചറിയാത്ത പ്രായത്തില്‍ അപ്പച്ചനും, അമ്മച്ചിയും കെട്ടിവലിച്ച് സണ്‍ഡേ സ്‌കൂളില്‍ എത്തിച്ചശേഷം ആദ്യാമായിട്ടാണ് വറീത് ഒരു ദൈവവചനം കേള്‍ക്കുന്നത്. അന്ന് സണ്‍ഡേ ക്ലാസ്സില്‍ കുഞ്ഞ് വറീത് സംശയം ചോദിച്ചതിന് ക്രൂരമായ അടിയായിരുന്നു ഫലം, അതിനു ശേഷം പളളിമുറ്റത്ത് പോലും പോയില്ല. അപ്പാപ്പന്റെ കൂടെ കശാപ്പുപുരയില്‍ സഹായിയായി കൂടി. ഒരിക്കല്‍ അപ്പാപ്പന്‍ അവനോട് ചോദിച്ചു. എടാ നീയെന്നാ സംശയമാ ചോദിച്ചത്. അപ്പാപ്പാ , അങ്ങേര് പറഞ്ഞു. കൂട്ടം തെറ്റി പോവുന്ന കുഞ്ഞാടിനെ തേടി കൊണ്ടു വരുന്നവനാണ് നല്ല ഇടയന്‍ ഇന്ന് അപ്പം ഞാന്‍ ചോദിച്ചു അച്ചോ , കൂട്ടം തെറ്റിയ ഒന്നിനെ തേടി പോകുമ്പോ ബാക്കി 99 എണ്ണത്തെ പുലി പിടിച്ചാലോ? അപ്പാപ്പന്‍ അവനെ ഒന്ന് സൂക്ഷിച്ച് നോക്കി. പിന്നെ പതിയെ മൂരിക്കുട്ടന്റെ തുടയെല്ലില്‍ ആഞ്ഞുവെട്ടി. അതുകഴിഞ്ഞ് 60 വയസിലാണ് വറീതിന് വീണ്ടും സംശയം വന്നത്. അച്ചന്‍ ദൈവവചന പ്രഭാഷണം നടത്തികഴിഞ്ഞ് , വറീതിനോടായി പറഞ്ഞു. കുഞ്ഞു വറീതേ നീ അടുത്ത ഞായറാഴ്ച പളളിയില്‍ വരണം, ഒന്ന് കുമ്പസാരിക്കണം. അച്ചോ, ഒരു സംശയം കൂടിയുണ്ട് എന്താ വറീതേ? അതേ, കര്‍ത്താവ് തമ്പുരാന്‍ ആരാണ് . അതെന്താ, ദൈവ പുത്രന്‍ ശരിയാണല്ലോ, മാറ്റിപ്പറയല്ലേ, അങ്ങേര് ഇപ്പോള്‍ എവിടെയാണ് അങ്ങ് ദൈവ സന്നിധിയില്‍ ഭൂമിയിലെ സകല പാപങ്ങളും ഏറ്റുവാങ്ങി, കുരിശു മരണം സംഭവിച്ച നമ്മള്‍ക്ക് വേണ്ടി, ഇവിടെ നിന്ന് യാത്രയായി. അതെല്ലാം ശരിതന്നെ. പക്ഷേങ്കി , ഇപ്പോ, അങ്ങേര് അങ്ങേരുടെ അപ്പന്റെ കൂടെ തന്നെയല്ലേ, വികാരിയച്ചന്‍ കണ്ണുമിഴിച്ചു, ശരിയാണ് അതേ വറീതേ നീ പറഞ്ഞത് ശരിയാണ്. ആരാണ് അച്ചോ, അപ്പനെയും മകനെയും ഒന്നിപ്പിച്ചത്. അച്ഛന് ഉത്തരം മുട്ടി. അത് നിയോഗം പൂര്‍ത്തിയായപ്പോള്‍ ദൈവ പുത്രന്‍ മടങ്ങി. അച്ചോ ഇതാ എനിക്ക് ദേഷ്യം വരുന്നത്, അച്ഛന്‍ പറ ഡീല്‍ ഓര്‍ നോ ഡീല്‍ വറീത് വിടുന്ന ലക്ഷണമില്ല, വറീത് തന്റെ പ്രഭാഷണം തുടര്‍ന്നു. വികാരിയച്ചന്‍ സണ്‍ഡേ, സ്‌കൂള്‍ ഹാളിലെ ഒന്നാം ക്ലാസ്സിലെ ഒന്നാം ബഞ്ചില്‍ ഇരിക്കുന്ന, കുഞ്ഞആന്റണിയായി വലിയ ളോഹ ചെറുതായി കുഞ്ഞ് ഉടുപ്പായി മാറി, വറീതിനാവട്ടെ സ്വര്‍ണ്ണകുരിശ് ആടയാഭരണങ്ങളും അണിഞ്ഞ്, തലപ്പാവും ചാര്‍ത്തി, വലിയ തിരുമേനിയായി മുന്നില്‍, പക്ഷെ വായ് തുറക്കുമ്പോള്‍ ഇപ്പോഴും ആ നാടന്‍ ചുരുട്ടിന്റെ മണം കുമുകുമാന്ന് അടിക്കുന്നുണ്ട്. ഒടുവില്‍ വികാരിയച്ചന്‍ സുല്ലിട്ടു വറീത് പ്രഖ്യാപിച്ചു. സാക്ഷാല്‍ യൂദാസ് മുപ്പത് വെളളിക്കാശിന് തന്റെ ഗുരുവിനെ ഒറ്റു കൊടുത്ത സാക്ഷാല്‍ യൂദാസാണ് അച്ചോ, പ്രീയപ്പെട്ട ദൈവപുത്രനെ ആ തിരു സന്നിധിയില്‍ തിരികെ എത്തിച്ചത്. അല്ലെങ്കില്‍ , ഇന്നും നമ്മുടെ പാപം ചുമക്കാനായി ആ ദൈവപുത്രന്‍, ഇവിടെ അലഞ്ഞു നടന്നേനെ, അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത് ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ടവന്‍ ആരാണന്ന് , അച്ചോ, അത് യൂദാസാണച്ചോ പാറകൂട്ടത്തിന് താഴെ, വലിയ മരക്കൊമ്പില്‍ ആത്മഹത്യ ചെയ്തിട്ടും മരിക്കാതെ പാറക്കൂട്ടത്തില്‍ തലയിടിച്ച് വലിയ വൃണവുമായി അലഞ്ഞു നടക്കുന്ന പാവം യൂദാ പിതാവിന്റെ കാല്‍ ചുവട്ടില്‍ നിന്ന് അകന്ന് ഒരിക്കലും നന്നാവാത്ത മനുഷ്യര്‍ക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞ ദൈവപുത്രനെ , തിരികെ ദൈവസന്നിധിയില്‍ എത്തിച്ച ആ യൂദാസല്ലേ പിതാവേ, അവന് ഏറ്റവും പ്രീയപ്പെട്ടവന്‍ അവന്‍ ഇല്ലായിരുന്നുവെങ്കില്‍ അച്ചന്‍ ഉണ്ടാകുമായിരുന്നോ ഇടവക ഉണ്ടാകുമായിരുന്നോ മെത്രാച്ചന്‍മാര്‍ കാണുമായിരുന്നോ പറ പിതാവോ സ്വന്തം നിയോഗം പൂര്‍ത്തിയാക്കിയ യൂദായും ദൈവത്തിന് പ്രീയപ്പെട്ടവനല്ലേ, പിന്നെ എന്തിനാണ് ആ പാവം യൂദാസിനെ അലഞ്ഞു തിരിയാന്‍ വിടുന്നത്. തല കുമ്പിട്ടിരുന്ന വികാരിയച്ചനെ നോക്കാതെ വറീത് പളളിയുടെ പടിക്കെട്ടുകള്‍ ഇറങ്ങി. പിന്നില്‍ പളളിമണിയുടെ മുഴക്കം വീണ്ടും കേട്ടു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

KATHAPARAYOUM KALAM: നമ്പരുകൾ

എന്റെ ഗസല്‍