നമ്പരുകൾ

നമ്പരുകൾ മാത്രമായി ലോകം മാറി എന്ന് തോന്നിയത് ഐ ഫോണിനെക്കുറിച്ചുള്ള സംശയം സ്‌കൂളിലെയും കൊളേജിലെയും ഗ്രൂപ്പിൽ ചോദിക്കാൻ തോന്നിയ സമയമാണ്. ചോദ്യം അങ്ങോട്ട് അയച്ചിട്ട് മണിക്കൂർ ഒന്ന് പിന്നിട്ടിട്ടും ഒരു പ്രതികരണവും അവരിൽ നിന്ന് ഉണ്ടായില്ല. സാധാരണ സൂര്യന് കീഴിൽ എന്തെക്കുറിച്ചും വളരെപെട്ടന്ന് മറുപടി പറയുന്നവരായിരുന്നു അവർ എല്ലാം തന്നെ പക്ഷെ അവർക്ക് എന്തു പറ്റി. ആശിച്ച് മോഹിച്ച് വാങ്ങിച്ചതാണ് ഐ ഫോൺ10 പണം കയ്യിൽ ഉണ്ടായിട്ടല്ല, ഒരു കൊതി ആരോടും പറഞ്ഞില്ല, ഞാൻ കരുതിയതു പോലെ അല്ല ഐ ഫോണിന്റെ കാര്യം , കക്ഷി എന്നെക്കാൾ ബുദ്ധിമാനാണ് പലകാര്യങ്ങളും എങ്ങനെ ചെയ്യേണ്ടതെന്ന് ഇങ്ങോട്ട് പറഞ്ഞു തന്നു. ശരിക്കും പത്താം ക്‌ളാസിൽ പഠിച്ച സമയത്ത് ഇതൊരണം കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ മാറിപോയേനെ. അവൻ ആകെ പറയാതിരുന്ന കാര്യം എന്റെ പഴയ ഫോണിലെ നംമ്പറുകൾ എങ്ങനെ പുതിയ ഫോണിലേക്ക് മാറ്റും എന്നത് മാത്രമായിരുന്നു. ആ നിമിഷമാണ് ആ ചോദ്യം എന്റെ മനസിലേക്ക് എത്തിയത് പഴയ നമ്പരുകൾ പുതിയ ലോകത്ത് ആർക്കും ആവശ്യമില്ലാതായോ . അല്ല എന്തായിരുന്നു നാട്ടിലെ എന്റെ ലാൻ്ഡ് ഫോൺ നമ്പർ എത്ര ആലോചിട്ടും എത്തുന്നില്ല. ആലോചനകൾക്കിടയിൽ എപ്പോഴോ വലത്തേ കൈ വിരൽ ക്‌ളോക്ക് വേയ്‌സ് ഡയറക്ഷനിൽ ചലിക്കാൻ തുടങ്ങി. 5....6.... 1...4...8..7 മുൻപ് രണ്ട് നമ്പരുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് പിൻകോഡും, പിന്നെ ലാൻഡ് ഫോൺ നംമ്പരും, ലാൻഡ് എന്ന വിശേഷണം അവനില്ലായിരുന്നു കാരണം അവൻമാത്രമായിരുന്നു ഫോൺ. വീടിന്റെ മുറിയുടെ കോണിൽ ചെറിയ ടർക്കിയിൽ മൂടി പുതച്ചാണ് അവർ ഇരുന്നിരുന്നത്, സാധാരണ എനിക്ക് പനിവരുമ്പോൾ മാത്രമാണ് ഇങ്ങനെ മൂടി ഇരിക്കാറുണ്ടായിരുന്നത്. എല്ലാ ദിവസവും അമ്മ ഫോണിനെ തുടച്ച് വൃത്തിയാക്കിയിരുന്നു, എന്നിട്ട് ചുമ്മാ ചെവിൽ വെച്ചു നോക്കും , എന്തിനാണ് അങ്ങനെ നോക്കുന്നതെന്ന് അമ്മയോട് ചോദിച്ചാൽ , ഇതിൽ തൊട്ട് കുട്ടികൾ കളിക്കേണ്ട എന്ന മറുപടി . വീട്ടിൽ കർത്താവിന് ലഭിച്ചിരുന്ന പരിഗണന കഴിഞ്ഞാൽ പിന്നെ അതു ലഭിച്ചിരുന്നത് ഫോണിനായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. ഫോൺ വന്നതോടെ വീട്ടിലേക്ക് വരാതായത് പോസ്റ്റുമാൻ ഗോപാലോനായിരുന്നു. മറ്റേത് ആഴ്ച്ചയിൽ ഒരു ദിവസം ഗോപലേട്ടൻ വരുമായിരുന്നു. അച്ചച്ചന്റെ , അമ്മാച്ചന്റെ ആരുടെ എങ്കിലും കത്തുകളുമായി. കത്ത് വീട്ടിൽ കിട്ടിയാലും അപ്പച്ചൻ ഒാഫീസിൽ നിന്ന് വന്നു കഴിഞ്ഞ് മാത്രമേ തുറക്കാൻ അനുമതി ഉണ്ടായിരുന്നൊള്ളൂ. അതുവരെ മേശപ്പുറത്ത് ഗ്‌ളാസ് പേപ്പർ വെയിറ്റിന്റെ അടിയിൽ അവൻ ഇരിക്കും. അച്ചൻ വന്നുകഴിഞ്ഞാൽ ചായക്കൊപ്പം അമ്മ കത്ത് കൈമാറും. പിന്നെ രണ്ടു പേരും കൂടി വായനാണ്, കത്തിൽ എവിടെ എങ്കിലും എന്നെ കുറിച്ച് പരാമർശമുണ്ടെങ്കിൽ മാത്രം വിളി വരും നിന്റെ പഠിത്തത്തെകുറിച്ച് അവൻ തിരക്കിട്ടുണ്ട് കേട്ടോ, ക്രിസ്തുമസിന് അവർ വരുന്നുണ്ട് നന്നായി പഠിച്ച് മാർക്ക് വാങ്ങിച്ചാൽ സമ്മാനം കൊണ്ടുവരും ... കൊളേജ് പഠനം കഴിഞ്ഞകാലത്താണ് വയറിൽ കെട്ടി ഇട്ടിരുന്ന ഫോൺ തലയ്ക്ക് മുകളിൽ കൊമ്പുമായി സഞ്ചരിക്കാവുന്ന പരിണാമം നേടിയത്. അന്നത് എനിക്ക് കാഴ്ച്ച ബ്ഗ്‌ളാവിലെ സിംഹം പോലെയായിരുന്നു. ആരുടെ എങ്കിലും കയ്യിൽ കാണുമ്പോൾ കൊതിയോടെ നോക്കിയിരുന്നു. നാലക്ക ശമ്പളം കിട്ടിയ ദിവസം അനശ്വര തീയറ്ററിനടുത്തുള്ള വരദന്റെ കടയിൽ പോയി സെക്കന്റ് ഹാന്റ്് ഫോൺ ഒന്നു വാങ്ങി പോക്കറ്റിൽ ഇട്ടു. വാങ്ങിയെങ്കിലും ആകെ ഉണ്ടായിരുന്ന പ്രാർത്ഥന ആരും വിളിക്കരുതേ എന്നായിരുന്നു. കാശു പോകുമല്ലോ. കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് തിരിച്ചറിവ് ഉണ്ടായത് മേശയുമായുള്ള പൊക്കൾ കൊടി ബന്ധം മുറിഞ്ഞപ്പോൾ അവൻ എന്റെ ഓർമ്മയുടെ താക്കോലും തട്ടിയെടുത്തു എന്ന് . കൂട്ടുകാരുടെ വീട്ടുകാരുടെ ആരുടെയും നമ്പർ എനിക്ക് ഓർമ്മ ഇല്ലാതായി ഒന്നും എന്റേത് അല്ലാതായി മാറി. അതിനിടയിൽ ഞാൻ തന്നെ ഒരു നമ്പരായി മാറിക്കഴിഞ്ഞിരുന്നു. പണ്ട് സ്‌കൂൾ കാലത്താണ് ആദ്യം നംമ്പർ വീഴുന്നത്. അക്ഷരമാല ക്രമത്തിൽ ആയിരുന്നു നമ്പർ പിന്നെ പനി വരുമ്പോൾ വീടിനടുത്തെ ഡോകറ്ററുടെ ടോക്കൺ നമ്പർ . ഇപ്പോ കംപ്‌ളീറ്റ് നമ്പരാണ് ആധാർ പാൻ അക്കൗണ്ട് നമ്പർ , ജി എസ്ടി , പിൻ, ഒ ടി പി .... ആകെ നമ്പർ . പേരില്ല , വിളയില്ല ആകെ നമ്പർ മാത്രം .. ഞാൻ ഒരു ഡിജിറ്റായി മാറി എനിക്ക് കണ്ണീരില്ല, കണ്ണില്ല പിന്നെ അല്ലേ കണ്ണീർ , ചെവിയില്ല ഇനി ഒന്നും കേൾക്കണ്ടല്ലല്ലോ. നമ്പരാണങ്കിലും ആരും വിളിക്കില്ല എനിക്ക് വികാരമില്ല... പിന്നെ എന്തിനാ എനിക്ക് പഴയ നമ്പർ , മെസേജ് ഡിലീറ്റ് ചെയ്യാം എന്നു കരുതിയപ്പോൾ എനിക്ക് കയ്യുമില്ല .......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

KATHAPARAYOUM KALAM: നമ്പരുകൾ

എന്റെ ഗസല്‍