അബദ്ധം

ആദി ശങ്കരന്‍ നടന്നതുപോലെ നടന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം . സത്യം അതായിരുന്നു കഴിഞ്ഞ കുറച്ചുകാലങ്ങളായി ഞാന്‍ അതിനു പിന്നാലെയായിരുന്നു. സത്യത്തില്‍ എനിക്ക് ഇന്നും അത് പൂര്‍ണ്ണമായി മനസിലായിട്ടില്ല. അബദ്ധം എന്ന വാക്ക് എന്റെ ശ്രദ്ധയില്‍ വരുന്നത് ഒരു പുലര്‍ക്കാലത്തായിരുന്നു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഞാന്‍ കേള്‍ക്കുന്നത് ഉച്ചത്തിലുള്ള ശബ്ദമായിരുന്നു. അമ്മയാണ്... എന്റെ തമ്പുരാനെ എനിക്ക് പറ്റിയ അബദ്ധമാ ഇതിയാന്‍. അതേ റിഥത്തില്‍ മറുപടി അതേ എനിക്കും അന്ന് അബദ്ധമാ പറ്റിയത്. അന്ന് തുടങ്ങിയ സംശയമാണ് എന്ത് അബദ്ധമാണ് അവര്‍ക്ക് പറ്റിയത്. സ്‌കൂളിനു പിറകിലെ ചാമ്പമരത്തില്‍ നിന്ന് അനിയപ്പന്‍ വീണതിന് ചാത്തുണ്ണിമാഷ് ചൂരവടിക്ക് അടിച്ചത് ഓര്‍മ്മയിലിന്നുമുണ്ട്. അക്കൂട്ടത്തില്‍ സാറു പറഞ്ഞു. നിന്റെ കാര്‍ന്നോക്ക് പറ്റിയ അബദ്ധമാണ് ... പത്താം തരം കഴിഞ്ഞ് പ്രീ ഡിഗ്രിക്ക് പോയപ്പോള്‍ അമ്മ പറഞ്ഞു. ഉണ്ണീ അബദ്ധത്തിലൊന്നും ചെന്ന് ചാടല്ലേ. മദ്രാസില്‍ പഠിക്കാന്‍പോയ ഏളേമ്മ ഒരു ദിവസം കരഞ്ഞുകൊണ്ടു വീട്ടിലെത്തി. മരണവീടിന്റെ പ്രതീതിയായിരുന്നു. അന്ന് അച്ഛന്‍ വലിയമ്മാവനോടു പറഞ്ഞു. അബദ്ധം പറ്റീന്ന് പറഞ്ഞാല്‍ മതിയല്ലോ.... എന്താ ചെയ്യുക ആ അബദ്ധം നാട്ടുകാര്‍ അറിയുമുന്‍പ് നാലുപേരെ വിളിച്ചുവരുത്ത് ഇലയിട്ട് ചോറു കൊടുക്കുക. ഇന്നലെ ലഭിച്ച നിന്റെ കത്തിലു അതുമാത്രമാണ് ഉണ്ടായിരുന്നത്. അതു കൊണ്ടാ ചോദിക്കുന്നത് എന്താ അബദ്ധം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

KATHAPARAYOUM KALAM: നമ്പരുകൾ

എന്റെ ഗസല്‍